കവിതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊൽക്കത്തയിലെ യാപഞ്ചിത്ര ട്രസ്റ്റാണ് ദേശീയ കാവ്യ പുരസ്കാരത്തിന് കവി പി. രാമനെ തെരഞ്ഞെടുത്തത്. 2002ൽ കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച യാപഞ്ചിത്ര ട്രസ്റ്റ്, കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ, നാടകം, കല, സാമൂഹിക വിഷയങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്നതും പ്രധാനപ്പെട്ടതുമായ വിഷയങ്ങളെക്കുറിച്ചുള്ള പ്രത്യേക ലക്കങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. യുവ കവികളുടെ 70 ഓളം പുസ്തകങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇരുപതാം വർഷം മുതൽ യാപഞ്ചിത്ര രണ്ട് കവിതാ അവാർഡുകൾ ഏർപ്പെടുത്തിയിരുന്നു. ഒന്ന് ബംഗാളി കവിതയ്ക്കും, മറ്റൊന്ന് ബംഗാളി ഒഴികെയുള്ള ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ നിന്നുള്ള ദേശീയ പ്രാധാന്യമുള്ള കവിയ്ക്കും. പ്രശസ്ത കവികളും സാഹിത്യകാരന്മാരും അടങ്ങുന്ന ജൂറി ബോർഡ് അംഗങ്ങളാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. മൂന്നാമത്തെ യപനചിത്ര ദേശീയ കവിത പുരസ്കാരമാണ് പി.രാമനെ തേടിയെത്തിയത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 7, 8, 9 തീയതികളിൽ കൊൽക്കത്തയിൽ നടക്കുന്ന യപനചിത്ര ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും.
1972ൽ പട്ടാമ്പി കിഴായൂരിൽ ജനിച്ച പി. രാമൻ പത്രപ്രവർത്തകനായാണ് ജീവിതം ആരംഭിച്ചത്. തുടർന്ന് അധ്യാപനത്തിലേക്ക് വഴിമാറി. ഇപ്പോൾ കുറ്റിപ്പുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനാണ്. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്കൊരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ തുടങ്ങിയ കൃതികളും, കവി നിഴൽമാല എന്ന പഠന ഗ്രന്ഥവും, മായപ്പൊന്ന്, കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും എന്നീ വിവർത്തന കൃതികളും രചിച്ചിട്ടുണ്ട്.
കനം എന്ന കൃതിക്ക് 2001ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് എന്ന കൃതിക്ക് 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, മഹാകവി പി.സാഹിത്യ പുരസ്കാരം, അയനം എ.അയ്യപ്പൻ കവിതാ പുരസ്കാരം, കെ.വി തമ്പി പുരസ്കാരം, ദേശാഭിമാനി കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കവിയും നോവലിസ്റ്റുമായ എൻ.പി സന്ധ്യയാണ് ജീവിതപങ്കാളി. മക്കൾ: ഹൃദയ്, പാർവ്വതി (വിദ്യാർത്ഥികൾ)